ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ; വിജയശതമാനം 78.69

Top News

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ആണ് വിജയശതമാനം.
സയന്‍സ് വിഭാഗത്തില്‍ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം. 4,41,120 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാര്‍ത്ഥികളാണ്. ജൂണ്‍ 12 മുതല്‍ 20 വരെയാണ് ഇംപ്രൂവ്മെന്‍റ്, സേ പരീക്ഷകള്‍ നടക്കുക.
39,242 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 29,818 പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷത്തെ ഫുള്‍ എ പ്ലസിന്‍റെ എണ്ണം 33815 ആയിരുന്നു. ഇത്തവണ 5427 വര്‍ധനയുണ്ടായി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. വയനാട് ആണ് വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല.
ഫുള്‍ എ പ്ലസ് നേടിയവയില്‍ ഗവണ്മെന്‍റ് സ്കൂളുകള്‍ ഏഴ് എണ്ണം മാത്രമാണുള്ളത്. ഇതില്‍ പരിശോധന ആവശ്യമാണ്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ വിജയം 71.42% ആണ്. മുന്‍വര്‍ഷം ഇത് 78.39% ആയിരുന്നു. ഇത്തവണ 6.97% കുറവുണ്ടായി. പ്രൈവറ്റ് വിഭാഗത്തില്‍ 17.77 ആണ് വിജയശതമാനം.

Leave a Reply

Your email address will not be published. Required fields are marked *