കണ്ണൂര്‍: കേരളത്തിന് അന്നം തരുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്ന സുരേന്ദ്രന്റെ അവകാശവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ വിതരണം ചെയ്ത സൗജന്യ കിറ്റിനെച്ചൊല്ലിയായിരുന്നു സുരേന്ദ്രന്റെ അവകാശവാദം. കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങല്‍ കിറ്റ് വിതരണം ചെയ്യുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. ഇത് സംസ്ഥാനസര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല.പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ എന്തുകൊണ്ട് അവിടെയൊന്നും കിറ്റു വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.പിണറായി വിജയന് വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള് ഊണു കഴിക്കുന്നതെന്നും മോദി നല്കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. മോദിയാണ് കേരളത്തിന് എല്ലാം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം കൊണ്ടാണ് നമ്മള് റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന് പറഞ്ഞു. നേമത്ത് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
