അങ്കാറ: സ്വീഡന്‍റെ നാറ്റോ അംഗത്വത്തിന് ഒരു വര്‍ഷത്തിലേറെയായി കീറാമുട്ടിയായിനില്‍ക്കുന്ന തടസ്സം ഒഴിവാക്കി തുര്‍ക്കി.സ്വീഡന്‍റെ അംഗത്വത്തിന് തുര്‍ക്കി പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയായിരുന്നു സ്വീഡന്‍ നാറ്റോ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍, കുര്‍ദ് വിമതര്‍ക്ക് നല്‍കുന്ന പിന്തുണയുടെ പേരില്‍ അംഗരാജ്യമായ തുര്‍ക്കി ഇതിനെ എതിര്‍ത്തു.
നീണ്ട മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വീഡന്‍റെ നീക്കത്തെ പിന്തുണക്കാന്‍ തുര്‍ക്കി സമ്മതിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക രേഖയില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഒപ്പുവെക്കും. ഇതോടെ, അംഗീകാരം നല്‍കാത്ത ഏക അംഗം ഹംഗറി മാത്രമാകും.
തുര്‍ക്കിയുടെ നീക്കത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സ്വാഗതം ചെയ്തു. ഏറെയായി അസ്വാരസ്യം തുടരുന്ന ഹംഗറി-സ്വീഡന്‍ ബന്ധം ഊഷ്മളമാകുന്ന സൂചന നല്‍കി വരുംദിവസം സ്വീഡിഷ് ഭരണമേധാവി ഹംഗറിയിലെത്തുന്നുണ്ട്. ചര്‍ച്ചയില്‍ വിഷയം തീരുമാനമായേക്കും.