ഗുവാഹത്തി: സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യം ഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ സ്വന്തം സംസ്കാരത്തില്‍ ലജ്ജിക്കുന്ന പ്രവണതയാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അസമില്‍ 11,600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആയിരക്കണക്കിന് വര്‍ഷത്തെ വെല്ലുവിളികള്‍ക്കിടയിലും തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും നമ്മുടെ സംസ്കാരത്തിന്‍റെ പ്രതീകങ്ങളാണ്. ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഭരിച്ചവര്‍ ഇത്തരം ആരാധനാലയങ്ങളുടെ മൂല്യത്തെയും പ്രാധാന്യത്തെയും മനസ്സിലാക്കാതെ അവഗണിച്ചു. ഒരു രാജ്യത്തിനും അതിന്‍റെ ഭൂതകാലം മറന്നും വേരുകള്‍ മുറിച്ച് നീക്കിയും വികസിക്കാനാവില്ല. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി സ്ഥിതി മാറി -മോദി പറഞ്ഞു.
കഴിഞ്ഞ ദശാബ്ദത്തിനിടെ റെക്കോഡ് വിനോദസഞ്ചാരികളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് പുതിയ പദ്ധതി ആരംഭിക്കും. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ടൂറിസത്തിന് ഊന്നല്‍ നല്‍കിയത്. അസമിലും നോര്‍ത്ത് ഈസ്റ്റിലും അതിനുള്ള വലിയ അവസരമുണ്ട്. ഇന്ന്, അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദക്ഷിണേഷ്യക്ക് തുല്യമായി വികസിക്കുന്നത് കാണാന്‍ യുവാക്കള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നം മോദിയുടെ തീരുമാനമാണ്. ഇതാണ് മോദിയുടെ ഗ്യാരന്‍റി-അദ്ദേഹം പറഞ്ഞു.
