തൃശൂര്‍: വീട് നിര്‍മാണത്തിനായി പറമ്പില്‍ കുഴിയെടുക്കുമ്ബോള്‍ നിധിയായി സ്വര്‍ണം കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വില്‍ക്കാന്‍ എത്തിയ രണ്ട് ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍. അഹമ്മദാബാദ് ശാന്തിനഗര്‍ സ്വദേശി ശങ്കര്‍ (34), അഹമ്മദാബാദ് ടക്ക നഗര്‍ രാജു (30), മൈസൂരു മാണ്ഡ്യ ഗിരിപ്പട്ട വിനോദ് (35) എന്നിവരെയാണ് രണ്ട് കിലോഗ്രാം തൂക്കം വരുന്ന വ്യാജ സ്വര്‍ണമാല ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് ദിവസം മുമ്പ് തട്ടിപ്പുകാര്‍ തൃശൂര്‍ സ്വദേശിയെ സ്വരാജ് റൗണ്ടില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. പിറ്റേന്ന് പരിചയം പുതുക്കിയ സംഘം നിധിയായി കിട്ടിയ സ്വര്‍ണ മണിമാല ഉണ്ടെന്നും വില്‍പന നടത്തി തന്നാല്‍ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് മാലയുടെ ഒരു മണി പൊട്ടിച്ച് നല്‍കി. പരിശോധിച്ച ശേഷം കച്ചവടം നടത്താമെന്ന് പറഞ്ഞ് പ്രതികള്‍ സ്ഥലം വിട്ടു. നിധിയുടെ സത്യാവസ്ഥ അറിയാന്‍ ഇയാള്‍ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇത്തരം തട്ടിപ്പുകള്‍ മുമ്ബ് നടത്തിയിരുന്നതായും കണ്ടെത്തി.ഇടപാട് നടത്താമെന്ന് പറഞ്ഞ് പ്രതികളെ ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ച് വ്യാജ സ്വര്‍ണമാല സഹിതം പിടികൂടുകയായിരുന്നു. സാധാരണ ചെറുകിട സ്ഥാപനങ്ങളും കടകളും നടത്തുന്നവരെയാണ് ഇവര്‍ പരിചയപ്പെടാറ്. കടകളില്‍നിന്ന് എന്തെങ്കിലും ചെറിയ സാധനങ്ങള്‍ വാങ്ങിയാണ് പരിചയം ഉണ്ടാക്കുന്നത്. പറ്റിയ ആളെ കണ്ടെത്തിയാല്‍ നാട്ടില്‍ വീട് പണിയുന്നതിന് കുഴിച്ചപ്പോള്‍ കുടം നിറയെ സ്വര്‍ണം കിട്ടിയെന്നും നാട്ടില്‍ വില്‍ക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വലയില്‍ വീഴ്ത്തുന്നത്. വിറ്റാല്‍ ലാഭം തരാമെന്നും കേരളത്തില്‍ പരിചയക്കാര്‍ ഇല്ലെന്നും പറഞ്ഞ് മാലയിലെ മണി പൊട്ടിച്ചെടുത്ത് നല്‍കും. ഇത് പരിശോധിച്ചാല്‍ സ്വര്‍ണമാണെന്ന് ബോധ്യപ്പെടും. ഇവര്‍ ഫോണ്‍ നമ്പറും കൊടുക്കാറുണ്ട്. മാല തരണമെങ്കില്‍ മുന്‍കൂറായി അഞ്ച് ലക്ഷമോ അതിലേറെയോ ചോദിക്കും. രണ്ടോ മൂന്നോ ലക്ഷം കിട്ടിയാലും മാല കൊടുത്ത് മുങ്ങും. പിന്നീട് മാല പരിശോധിച്ചാല്‍ സ്വര്‍ണം ഉണ്ടാകില്ല. സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.