കൊച്ചി: കെ.ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഹര്‍ജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ.ടി ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവരുടെ ഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.
മാത്രമല്ല സരിത്ത് ഈ കേസില്‍ പ്രതിയല്ല എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ ഇങ്ങനെയാണെങ്കിലും ഇനി ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന ഭയം ഉണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ നാളെ എന്തു നടക്കും എന്നതിനനുസരിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രമുഖരായ വ്യക്തികളെ ജനമധ്യത്തില്‍ അപഹാസ്യരാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ ലക്ഷ്യമുള്ള വ്യക്തികളും ഈ ഗൂഢശ്രമത്തിനു പിന്നിലുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു .