ജയ്പൂര്‍ : കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് മോദി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കാലത്ത് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറിയത് പരാമര്‍ശിച്ച മോദി, കോണ്‍ഗ്രസിന്‍റെ മുഖം കാണാന്‍ പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.സോണിയ ഗാന്ധിക്കെതിരെയും വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുക്കുകയാണെന്നും സ്വന്തം തെറ്റുകളുടെ ഫലമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും പറഞ്ഞു. രാജസ്ഥാനിലെ ജലോറിലെ റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ വിമര്‍ശനം. 2014നു മുന്‍പുള്ള അവസ്ഥയിലേക്ക് തിരികെ പോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല.സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തെ പൊള്ളയാക്കി. ഇന്ന് അവര്‍ ചെയ്ത പാപങ്ങള്‍ക്ക് ജനങ്ങള്‍ ശിക്ഷിക്കുന്നു. ഒരുകാലത്ത് 400 സീറ്റുകളില്‍ ജയിച്ച പാര്‍ട്ടിക്ക് ഇന്ന് 300 സീറ്റുകളില്‍ പോലും മത്സരിക്കാന്‍ സാധിക്കുന്നില്ല. മോദി പറഞ്ഞു.