സ്വകാര്യ ലാബുകാരുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കും: ആരോഗ്യ മന്ത്രി

Top News

ആലപ്പുഴ: കേരളത്തിലെ സ്വകാര്യ ലാബുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.കൊവിഡിന്‍റെ പുതിയ വകഭേദം ഇനിയും ഉണ്ടാകുമെന്നും ഇതില്‍ ആശങ്ക പെടേണ്ടതില്ലെന്നും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളിലെ പരിശോധന സംവിധാനം തൃപ്തികരമാണെങ്കിലും കുടുതല്‍ മേന്മയുള്ള പരിശോധന ശക്തി പെടുത്തണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ആരോഗ്യ മേഖല എന്ന് പറയുന്നത് സ്വകാര മേഖലയും കൂടി ചേര്‍ന്നതാണെന്നും മന്ത്രി പറഞ്ഞു. ലാബുകള്‍ക്ക് അക്രിഡിറ്റേഷന്‍ സംവിധാനം ഉണ്ടാകണം. ഒരു പരിശോധന രണ്ട് ലാബുകളില്‍ ചെയ്യുമ്പോള്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ ഉണ്ടാകരുത്. കേരളത്തില്‍ പല തരത്തിലുള്ള വൈറസുകള്‍ പെരുകുന്നത് കൂടുതലാണ്. പുതിയ വൈറസുകള്‍ വരുന്നതില്‍ പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണ്. അതിനാല്‍ തന്നെ പരിശോധന സംവിധാനങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ കൂടി വരുന്നുണ്ട്. ജീവിത ശൈലി രോഗാര്‍ദ്രത കുറച്ച് കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതിനാല്‍ 30 വയസ്സിന് മുകളില്‍ ഉള്ളവരുടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്തിചികിത്സിയ്ക്കുന്നതിനുള്ള പുതിയ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവി ഡ് കാലത്ത് വില്ലനായി നിന്നത് ജീവിത ശൈലി രോഗങ്ങളാണ്. ശിശു-മാതൃ മരണനിരക്ക് കൂടുതല്‍ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
ലബോറട്ടറി ഓണേഴ്സ് അസ്സോസിയേഷന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ച് സംഘടനയുടെ ആശങ്കകള്‍ അകറ്റുമെന്നും മന്ത്രി പറഞ്ഞു. രോഗങ്ങളെ പൂര്‍ണ്ണമായി തുടച്ച് നീക്കി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.സമ്മേളനത്തില്‍ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *