ന്യൂഡല്‍ഹി: വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി.ഏഴ് മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.കോടതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റൊടുക്കുന്നത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.സ്ഥലം ഏറ്റെടുക്കുംമുന്‍പ് ഭൂമിയുടെ ഉടമയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കണം. ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം കാരണ സഹിതം ഭൂമിയുടെ ഉടമയെ അറിയിക്കണം. ഭൂമി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉടമയുടെ ഭാഗം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം, പുനരധിവാസം എന്നിവ ഉറപ്പാക്കണം. സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കുന്നത് പൊതുഉദ്ദേശത്തിന്‍റെ ഭാഗമായി ആയിരിക്കണം. ഭൂമിയേറ്റെടുപ്പ് കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കണം. നിയമപരമായ ഉടമസ്ഥാവകാശം ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് കോടതി മുന്നോട്ടുവച്ച മാര്‍ഗനിര്‍ദേശങ്ങള്‍.കോല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.