കോഴിക്കോട്: കേരളത്തില്‍ ഓടുന്ന കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ച് റെയില്‍വേ വെട്ടിക്കുറച്ചതോടെ വട്ടംകറങ്ങി ജനം. കേന്ദ്രം തുടരുന്ന അവഗണനയില്‍ ദീര്‍ഘദൂരഹ്രസ്വ ദൂര യാത്രയുടെ താളം ഒരുപോലെ തെറ്റുകയാണ്. തിരക്കേറിയ ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ചതോടെ യാത്രാദുരിതം ഇരട്ടിച്ചു.
മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന നാലുജോടി ട്രെയിനുകളിലാണ് കോച്ചുകള്‍ കുറച്ചത്. നേരത്തെതന്നെ വടക്കന്‍ ജില്ലകളില്‍നിന്ന് തിരുവനന്തപുരം യാത്രയ്ക്ക് മലബാര്‍, മാവേലി ട്രെയിനുകളില്‍ റിസര്‍വേഷന്‍ ലഭിക്കാന്‍ പെടാപ്പാടായിരുന്നു. ഈ ദുരിതം ഇരട്ടിയായി. 144 സീറ്റ് രണ്ട് വണ്ടികളില്‍നിന്നായി നഷ്ടപ്പെട്ടു. വന്‍ തുക നല്‍കി പ്രീമിയം തല്‍ക്കാല്‍ ബുക്കിങ് ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രികര്‍. വരുമാനം വര്‍ധിപ്പിക്കാനായി സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന റെയില്‍വേ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.ദീര്‍ഘദൂര യാത്രക്കാര്‍ക്കുപുറമെ കണ്ണൂര്‍, തലശേരി, വടകര ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും ജീവനക്കാരും പ്രധാനമായും ആശ്രയിക്കുന്ന വണ്ടിയാണ് വൈകിട്ടത്തെ മംഗളൂരുചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍. നിലവില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ക്കുപുറമെ സ്ലീപ്പര്‍ കോച്ചുകളിലായി കോഴിക്കോടുവരെ രണ്ട് ഡിറിസര്‍വ്ഡ് കോച്ചുകളുമുണ്ടായിരുന്നത് അല്‍പ്പം ആശ്വാസമേകിയിരുന്നു. സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ചതിനാല്‍ ഡിറിസര്‍വ്ഡ് കോച്ചിനെയും ബാധിച്ചു. ഇതോടെ അണ്‍റിസര്‍വ്ഡ് കോച്ചുകളില്‍ കയറിപ്പറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. പകല്‍ ഓടുന്ന വണ്ടികളില്‍ കൂടുതല്‍ ഡിറിസര്‍വേഷന്‍ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഉള്ള കോച്ചുകള്‍കൂടി ഇല്ലാതായത്.