പെരിന്തല്‍മണ്ണ:മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി.എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തില്‍പ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ വീടിന്‍റെ പിറകുവശത്ത് മുറ്റമടിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് പൊട്ടി 12 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സ്ലാബിനടിയില്‍ കാല്‍ കുടുങ്ങിയ യുവതി മുട്ടോളം മാലിന്യത്തിലേക്കാണ് വീണത്.
ഇടതുകാല്‍ ടാങ്കിന്‍റെ പൊട്ടി വീണ സ്ലാബ് പാളിക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് പെരിന്തല്‍മണ്ണ ഫയര്‍ഫോഴസിന്‍റെ സഹായം തേടിയത്. മാലിന്യം നിറഞ്ഞ കുഴിയില്‍ മുങ്ങിപ്പോകാതിരിക്കാന്‍ യുവതിയെ കയറില്‍ പിടിച്ചുനിര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് കട്ടറിന്‍റെയും സ്പ്രെഡറിന്‍റെയും സഹായത്തോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് സംഘം സ്ലാബ് പൊട്ടിച്ച് യുവതിയെ കുഴിയിലെ മാലിന്യത്തില്‍ നിന്ന് പൊക്കിയെടുത്തത്.
ഇടതുകാലിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കാലില്‍ രണ്ടിടത്ത് എല്ലിന് പൊട്ടലുണ്ട്. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ മു ഹമ്മദ് ഷിബിന്‍, ഫിറോസ് എന്നിവരാണ് കുഴിയില്‍ ഇറങ്ങിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ബൈജു, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീര്‍മാരായ അനീഷ്, സുബ്രഹ്മണ്യന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.