അമൃത്സര്‍: പഞ്ചാബിലെ ലുധിയാന ജില്ലയിലെ സെഷന്‍സ് കോടതി സമുച്ചയത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.
സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു. സ്ഫോടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശവിരുദ്ധ ശക്തികളുടെ സാന്നിദ്ധ്യത്തെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി.
ആറു നിലകളുള്ള സമുച്ചയത്തിലെ രണ്ടാം നിലയില്‍ റെക്കാഡ് റൂമിനോട് ചേര്‍ന്ന ടോയ്ലെറ്റില്‍ ഉച്ചയ്ക്ക് 12:22നായിരുന്നു സ്ഫോടനം. ടോയ്ലെറ്റ് തകരുകയും മുറികളുടെ ഭിത്തിയില്‍ വിള്ളലുണ്ടാവുകയും ചെയ്തു. ജനാലകള്‍ തകര്‍ന്നു. താഴെയുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളും പൊട്ടി. ഒരു മൃതദേഹം കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് ബോംബ് വച്ച ആള്‍ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണമാണോ എന്നതിനും വ്യക്തതയില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അധികൃതര്‍ വിവരങ്ങള്‍ ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
അഭിഭാഷക സമരം മൂലം തിരക്കു കുറവായിരുന്നെങ്കിലും കക്ഷികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സമുച്ചയത്തില്‍ ഉണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഡല്‍ഹിയില്‍ നിന്നുവന്ന രണ്ടംഗ എന്‍.ഐ.എ സംഘം തെളിവെടുത്തു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും നാഷണല്‍ ബോംബ് ഡേറ്റ സെന്‍റര്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അകാലിദളിനുമേല്‍ ആരോപണം ഉന്നയിച്ചു.
ഖാലിസ്ഥാന്‍ അടക്കമുള്ള വിഘടന ഗ്രൂപ്പുകള്‍ പഞ്ചാബില്‍ സജീവമാണ്. ഇവര്‍ക്ക് പാക് സഹായം ലഭിക്കുന്നുണ്ട്. കര്‍ഷക സമരത്തില്‍ ഖാലിസ്ഥാന്‍ നുഴഞ്ഞു കയറിയെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് കേന്ദ്രം നിരോധിച്ച യൂട്യൂബ് ചാനലുകള്‍ പഞ്ചാബിലാണ് പ്രവര്‍ത്തിച്ചിരുന്നത്.