മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിന് സ്ഫുട്നിക് 5 ഈ മാസം തന്നെ ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ അവസാനത്തോടെ വാക്സിന് ഇന്ത്യയിലെത്തും. മെയ് ആദ്യവാരം വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.മെയ് മാസത്തിന്റെ തുടക്കത്തില്‍ കുറച്ച് പേര്‍ക്കാവും വാക്സിന് നല്‍കുക. പിന്നീട് ഘട്ടം ഘട്ടമായി ഇത് വര്‍ധിപ്പിക്കും. ഒരു മാസം 50 മില്യണ്‍ സ്ഫുട്നിക് വാക്സിനെങ്കിലും ഉല്പാദിപ്പിക്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന് അടിയന്തര അനുമതി നല്‍കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന് തുടക്കം കുറക്കുമെന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധി റോമന്‍ ബാബുഷ്കിന്‍ പറഞ്ഞിരുന്നു.രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ സ്ഫുട്നിക് വാക്സിന് അംഗീകാരം നല്‍കുന്നത്. 60 രാജ്യങ്ങള്‍ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
