സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി: ഇടക്കാല
ഉത്തരവ് സ്ഥിരപ്പെടുത്തി

Top News

കൊച്ചി: സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ഓണ്‍ലൈനായി നടത്താനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്ഥിരപ്പെടുത്തി.കാലം മാറിയ സാഹചര്യത്തില്‍ 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം കൂടി കണക്കിലെടുക്കണമെന്നും ഈ നിയമപ്രകാരം ഇലക്ട്രോണിക് രേഖകള്‍ക്ക് നിയമസാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിനാണ് ഹരജി നല്‍കിയത്.ഓണ്‍ലൈനായി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് 2021 സെപ്റ്റംബര്‍ മ്പതിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അന്തിമമാക്കിയത്. ഓണ്‍ലൈന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ 2021 ആഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമാന ഹരജികള്‍ മറ്റൊരു ബെഞ്ച് നിരസിച്ചതിനെത്തുടര്‍ന്ന് ഈ ഹരജി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഹരജിയില്‍ വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ വിവാഹ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷന്‍ ബെഞ്ച് ഇടക്കാല നിര്‍ദേശം നല്‍കുകയായിരുന്നു. ഈ ഉത്തരവാണ് അന്തിമമാക്കിയത്.
സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വധൂവരന്മാര്‍ വിവാഹ രജിസ്ട്രേഷന്‍ ഓഫിസര്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. വധൂവരന്മാരില്‍ ഒരാള്‍ വിദേശത്താണെന്നും കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നാട്ടിലെത്താനാവില്ലെന്നും വ്യക്തമാക്കി നിയമത്തില്‍ ഇളവുതേടി പലരും ഇടക്കാലത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *