തിരുവനന്തപുരം : വിശ്വാസവും മിത്തും സംബന്ധിച്ച് സ്പീക്കര്‍ എ. എന്‍ ഷംസീര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചതിനാല്‍ അത് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ശാസ്ത്ര ബോധത്തെ മതവിശ്വാസങ്ങളുമായി ആരും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അചാരങ്ങളിലും വിശ്വാസങ്ങളിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. ചരിത്ര സത്യം പോലെ പ്രധാനമാണ് വിശ്വാസ സത്യവും. സ്പീക്കറുടെ പ്രസ്താവന വിശ്വാസത്തിന് മുറിവേല്‍ക്കുന്നതായിപ്പോയി. ഇതോടൊപ്പം കൈവെട്ടും കാലുവെട്ടും എന്നെല്ലാമുള്ള ചിലരുടെ പ്രസ്താവനകള്‍ വിഷയം വഷളാക്കി. പ്രകോപനപരമായ സംസാരത്തിലൂടെ ചിലര്‍ വിഷയം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ചിലരാകട്ടെ മുതലെടുക്കാനും.
എല്ലാവരും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒന്നിപ്പിക്കാനാണ് നോക്കുന്നത്. എരി തീയില്‍ എണ്ണ ഒഴിക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം വിഷയത്തില്‍ ചാടി വീഴാത്തത്. ശബരിമല സമയത്ത് വിശ്വാസ സംരക്ഷണം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. രണ്ടുകൂട്ടരും ഒരു പോലെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. സ്പീക്കറും ഗവണ്‍മെന്‍റും ഗൗരവത്തോടെ വിഷയത്തെ കണ്ട്, ആളിക്കത്തുന്ന തീ അണയ്ക്കാനാണ് ശ്രമിക്കേണ്ടത്. .
എന്‍.എസ്.എസ് ഒരു വിശ്വാസ സമൂഹമാണ്. അവര്‍ക്ക് അവരുടേതായ രീതിയില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുണ്ട്.
പ്രതിപക്ഷം ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല. ഇതിന്‍റെ പേരില്‍ ഒരു വോട്ടും വേണ്ട. നാട്ടില്‍ സമാധാനമുണ്ടായാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.
