ന്യൂഡല്‍ഹി: 2019 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ പ്രിയങ്ക ഗാന്ധി താല്‍പര്യം കാണിച്ചിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അമേത്തി, റായ്ബറേലി, വാരാണസി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപെട്ട് അവരുടെ പേര് ഉയര്‍ന്നുവരുന്നത് പതിവാണ്. മാതാവ് സോണിയ ഗാന്ധി ഇത്തവണ ഒഴിഞ്ഞ റായ്ബറേലി മണ്ഡലത്തിലും പ്രിയങ്കയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, വയനാടിനു പുറമെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടു മണ്ഡലങ്ങളിലും മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചുകയറിയത്. റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം രാഹുല്‍ ഒഴിയുമെന്നും നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രാഹുലിനു പകരം വയനാട്ടില്‍ ആരു മത്സരിക്കാനെത്തുമെന്ന ആകാംക്ഷയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. ഒടുവില്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ കോണ്‍ഗ്രസുകാര്‍ ആവേശത്തിലാണ്.
വയനാട് തന്‍റെ കുടുംബമാണ് എന്ന് ഇടക്കിടെ പറയുന്നതിനാല്‍ അത്ര എളുപ്പത്തില്‍ രാഹുലിന് വയനാട് ഉപേക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒടുവില്‍ മണ്ഡലം സഹോദരിക്ക് കൈമാറിയാണ് രാഹുല്‍ വയനാട്ടുകാരോടുള്ള സ്നേഹം ഒന്നുകൂടി വ്യക്തമാക്കിയത്. സഹോദരനെ രണ്ടാം തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒട്ടും പരിഭ്രമമില്ലെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. രാഹുലിന്‍റെ അഭാവം വയനാട്ടുകാരെ അറിയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായാണ് പ്രിയങ്ക പ്രതികരിക്കുന്നത്.
‘വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടുന്നതില്‍ അതിയായ സന്തോഷത്തിലാണ്. രാഹുലിന്‍റെ അഭാവം ഒരിക്കലും വയനാട്ടുകാരെ അറിയിക്കില്ല. 20 വര്‍ഷമായി റായ്ബറേലിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മണ്ഡലവുമായി നല്ല ബന്ധമാണ്, ഈ ബന്ധം ഒരിക്കലും തകരില്ല’ -പ്രിയങ്ക പറഞ്ഞു. 2019ല്‍ രാഹുലിനെ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വയനാട്ടുകാര്‍ ജയിപ്പിച്ചത്.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ പല പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. തൃശ്ശൂരില്‍നിന്ന് മത്സരിച്ച് തോറ്റ കെ. മുരളീധരന്‍റെ പേരുവരെയുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുലിനെ പോലെ മറ്റൊരു സര്‍പ്രൈസ് പ്രഖ്യാപനമായി പ്രിയങ്ക എത്തുന്നത്. വയനാട്ടുകാര്‍ക്ക് രാഹുലിനെ പോലെ തന്നെ പരിചതമാണ് പ്രിയങ്കയെയും. രാഹുല്‍ ആദ്യമായി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു പ്രിയങ്ക. ഇതിന് പുറമെ രാഹുലിന്‍റെ എം.പി സ്ഥാനത്തിന് അയോഗ്യത വന്നപ്പോള്‍ ജനങ്ങളെ കാണാന്‍ വയനാട്ടിലെത്തിയപ്പോഴും പ്രിയങ്ക കൂടെയുണ്ടായിരുന്നു. ഇത്തവണയും രാഹുലിന്‍റെപ്രചാരണത്തിനായി പ്രിയങ്ക മണ്ഡലത്തില്‍ എത്തിയിരുന്നു.