ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിലെ പട്ടികജാതിപട്ടികവര്‍ഗ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനങ്ങള്‍ തീര്‍ക്കണമെന്നും സുപ്രീംകോടതി ഇടപെടില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച സുപ്രീംകോടതി തീരുമാനം പുനഃപരിശോധിക്കില്ലെന്നും അതെങ്ങനെ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. പല സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് അഡ്വ. ഗോപാല്‍ ശങ്കരനാരായണനും സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇന്ദിര ജയ്സിങ്ങും ബോധിപ്പിച്ചു. ചില സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഹൈകോടതികള്‍ ഇടപെടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. വിഷയത്തില്‍ സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകള്‍ തമ്മില്‍ പൊരുത്തമില്ലെന്നും ജയ്സിങ് കുറ്റപ്പെടുത്തി. 2019 ഏപ്രില്‍ 15ലെ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കോടതിയലക്ഷ്യ നോട്ടീസ് പിന്‍വലിക്കണമെന്ന് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 11 കാറ്റഗറികളില്‍പ്പെട്ടതാണെന്ന് സുപ്രീംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീംകോടതി നേരത്തെ ഉത്തരവിറക്കിയതാണെന്നും ബെഞ്ച് തുടര്‍ന്നു. ആ റിപ്പോര്‍ട്ട് എ.ജിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചക്കകം ഓരോ സംസ്ഥാനവും തങ്ങള്‍ക്ക് വിധി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തി സുപ്രീംകോടതിക്ക് സമര്‍പ്പിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ഹരജികളില്‍ അടുത്ത മാസം അഞ്ചിന് വിശദമായ വാദം കേള്‍ക്കും. വിഷയത്തില്‍ 133 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.