സ്ഥാനം ഒഴിയാമെന്ന് സുധാകരന്‍ കത്തെഴുതിയിട്ടില്ല :ചെന്നിത്തല

Latest News

തിരുവനപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ തികഞ്ഞ മതേതരവാദിയാണെന്നും അതിന് സിപി എമ്മിന്‍റെയും ബിജെപിയുടെയും സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല.സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞ് സുധാകരന്‍ കത്തെഴുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കുപിഴയാണ് സംഭവിച്ചതെന്ന് സുധാകരന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അത് വിവാദമാക്കേണ്ടതില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസ് നിലപാടില്‍ നിന്ന് വ്യതിചലിച്ച് സുധാകരന്‍ ഒന്നും പറഞ്ഞിട്ടില്ല. ഒരു മണിക്കൂര്‍ നേരത്തെ പ്രസംഗത്തിനിടെ ഒരു ഭാഗത്ത് ഉണ്ടായ നാക്കുപിഴയാണ് വിവാദമായത്. ആ വിവാദത്തിന് ഇനി അര്‍ത്ഥമില്ല. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസിനെ വെള്ളപൂശാന്‍ ഒരു ശ്രമവും കെപിസിസി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കെ. സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണ്. സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞ് സുധാകരന്‍ കത്തെഴുതിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ല, അതിന്‍റെ കാര്യവുമില്ല. അനാവശ്യ മാധ്യമസൃഷ്ടിയാണ് ഈ വാര്‍ത്തകള്‍. സുധാകരനുമായി സംസാരിച്ചിരുന്നു. കത്ത് അയച്ചുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശയപരമായി കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എന്നും നിലകൊള്ളുന്നത് ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും മതേതര നിലപാടുകള്‍ക്ക് അനുസൃതമായാണ്. ആ നിലപാടില്‍ ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ലീഗിന് ചില ആശങ്കകള്‍ ഉണ്ട്. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. അവരുമായി സംസാരിക്കും. കോണ്‍ഗ്രസ് എന്നും മതേതര നിലപാടില്‍ ഉറച്ച് നില്‍ക്കും. യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കും. പ്രതിപക്ഷ നേതാവുമായി അഭിപ്രായ വ്യത്യാസമില്ല. അഭിപ്രായവ്യത്യാസമുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *