സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ വികസനത്തിന്‍റെ കാതല്‍: മന്ത്രി കെ രാജന്‍

Kerala

തൃശൂര്‍: സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ വികസനത്തിന്‍റെ കാതല്‍ ആണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍.
കൊടകര ബ്ലോക്കിന്‍റെ ഷീ വര്‍ക്ക് സ്പേസ് പദ്ധതിയുടെ ഡിപിആര്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡാനന്തര കേരളത്തിന്‍റെ വികസനത്തിന് ഇത്തരം സംരംഭങ്ങള്‍ മാതൃകയാക്കണമെന്നും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഏറ്റവും പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന ചരിത്ര നിമിഷം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കൊടകര ബ്ലോക്ക് ജില്ലാ ഗ്രാമപഞ്ചായത്തുകളുടെ സഹായ സഹകരണത്തോടെ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയാണ് ഷീ വര്‍ക്ക് സ്പേസ്. ഉല്‍പാദനം, ഐ ടി, ആരോഗ്യ മേഖല, വനിതാ യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടകീഴിലാക്കുക എന്ന ലക്ഷ്യത്തോടെ 28.95 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുക. ചടങ്ങില്‍ എല്‍എസ്ജിഡിഎ എക്സ് ഇ ആന്‍റണി വട്ടോളി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡി പി ആര്‍ തയ്യാറാക്കിയ തൃശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ ജിജു പി അലക്സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിന്‍സ്, സരിത രാജേഷ്, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഷീല ജോര്‍ജ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, ബ്ലോക്ക് സെക്രട്ടറി പി ആര്‍ അജയഘോഷ് തുടങ്ങിയവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *