തിരുവനന്തപുരം: സ്ത്രീധന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചാരണ വേഗത്തിലാക്കാന്‍ ഈ കോടതി സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചീഫ് ജസ്റ്റിസുമായി അഡ്വകറ്റ് ജനറല്‍ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിനും അനുകൂലനിലപാടാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
2011 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപോര്‍ട് ചെയ്യപ്പെട്ടത്. 2016 – 21 കാലഘട്ടത്തില്‍ 54 പേരും 2021ല്‍ ആറും സ്ത്രീധനപീഡന മരണങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടികളെടുക്കാനും നിയമ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും ആലോചിക്കുന്നതായും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
സ്ത്രീധന ദുരാചാരത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഉപവാസം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.
സമൂഹത്തില്‍ രൂപപ്പെട്ട തെറ്റായ രീതിക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ ഉപവാസം നടത്തുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ഗാന്ധിയന്‍ ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.