ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ സമൂഹമാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത് സംസ്ഥാനത്ത് വീണ്ടും അക്രമം ശക്തമാകുമെന്ന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് വീഡിയോ. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്‍റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പോലീസിന്‍റെ വാദം.