തൃശൂര്‍: സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി സംസ്ഥാനത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കൊരട്ടിയില്‍ എസ്ഒഎസ് മോഡല്‍ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിജീവിതര്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് വേണ്ടി നിര്‍ഭയ പദ്ധതിയുടെ കീഴില്‍ 21 സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വോതന്‍മുഖമായ വികസനവും ക്ഷേമവുമാണ് പ്രധാനം. ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തും. പ്രായമനുസരിച്ച് കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്.
സാക്ഷരതയിലും ലോക അവബോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ പൊതു സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ് ഓരോ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 18 വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കുള്ള ആഫ്റ്റര്‍ ഹോം കെയര്‍ തിരുവനന്തപുരത്തും എറണാകുളത്തും ഉടന്‍ ആരംഭിക്കും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തുന്നവരെ ശക്തമായി നേരിടുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.നിര്‍ഭയസെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു