.21 സ്വര്‍ണം ഉള്‍പ്പെടെ 86 മെഡല്‍
ഹാങ് ചൗ: ഏഷ്യന്‍ ഗെയിംസില്‍ 12 ദിവസം പിന്നിട്ടപ്പോള്‍ 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 86 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു. വ്യാഴാഴ്ച മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്.
സ്ക്വാഷ് മിക്സഡ് വിഭാഗത്തില്‍ ദീപിക പള്ളിക്കല്‍-ഹരീന്ദര്‍പാല്‍ സിംഗ് ടീമും കോമ്പൗണ്ട് വിഭാഗം അമ്പെയ്ത്തില്‍ പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളുമാണ് സ്വര്‍ണം നേടിയത്. പര്‍നീത് കൗര്‍, അതിഥി ഗോപിചന്ദ് സ്വാമി, ജ്യോതി സുരേഖ എന്നിവരാണ് വനിത ടീമിനത്തില്‍ ചൈനീസ് തായ്പേയ് ടീമിനെ 23-229ന് തോല്‍പിച്ച് സ്വര്‍ണം നേടിയത്. പുരുഷന്മാരില്‍ അഭിഷേക് വര്‍മ, ഓജസ്, പ്രഥമേഷ് ജൗകര്‍ എന്നിവരാണ് ദക്ഷിണ കൊറിയന്‍ ടീമിനെ 235-230ന് തോല്‍പിച്ച് സ്വര്‍ണനേട്ടത്തിലെത്തിയത്.
സ്ക്വാഷ് പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാല്‍ വെള്ളി നേടിയപ്പോള്‍ വനിത വിഭാഗം 53 കിലോഗ്രാം ഗുസ്തിയില്‍ ആന്‍റിം പംഗല്‍ വെങ്കലം നേടി. പുരുഷ ബാഡ്മിന്‍റണില്‍ എച്ച്.എസ് പ്രണോയ് സെമിയില്‍ കടന്നപ്പോള്‍ വനിതകളില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ചൈനയുടെ ബിങ്ജിയാവോ ഹെയോടായിരുന്നു തോല്‍വി. പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം സെമിഫൈനലിലേക്ക് മുന്നേറി മെഡല്‍ ഉറപ്പാക്കി.
ക്വാര്‍ട്ടറില്‍ സിംഗപ്പൂര്‍ ടീമിനെ 21-7, 21-9നാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്.ഗെയിംസ് 12 ദിവസം പിന്നിടുമ്പോള്‍ 178 സ്വര്‍ണവും 99 വെള്ളിയും 55 വെങ്കലവും അടക്കം 332 മെഡലുമായി ആതിഥേയരായ ചൈന മുന്നിലാണ്. 44 സ്വര്‍ണവും 53 വെള്ളിയും 60 വെങ്കലവുമായി ജപ്പാന്‍ രണ്ടാമതും 33 സ്വര്‍ണവും 47 വെള്ളിയും 77 വെങ്കലവുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.