തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വാഹനങ്ങളുടെ മുന്നിലും പിന്നിലും ‘എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ വാഹനം’ എന്നു വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളില്‍ ‘ഓണ്‍ സ്കൂള്‍ ഡ്യൂട്ടി’എന്ന ബോര്‍ഡ് വെക്കണം.
സ്കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്.വേഗപ്പൂട്ടും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. സ്കൂള്‍ വാഹന ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റു കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങളില്ലാത്തവരാണെന്നും ഉറപ്പുവരുത്തണം. സ്കൂള്‍ തുറക്കുന്നതിനു മുമ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ പതിക്കണം.ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം വേണം.ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്‍റ്സും ഐഡന്‍റിറ്റി കാര്‍ഡും ധരിക്കണം.കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സര്‍വിസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി യൂനിഫോം ധരിക്കണം.
വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം.സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്രചെയ്യാന്‍ അനുവദിക്കാവൂ.2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടെന്ന ക്രമത്തില്‍ യാത്ര ചെയ്യാം.കുട്ടികളെ നിന്നു യാത്രചെയ്യാന്‍ അനുവദിക്കരുത്.ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം.
ഇവ പരിശോധന സമയത്ത് മോട്ടോര്‍ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണം.വാഹനത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ കാണാവുന്ന രീതിയില്‍ ഘടിപ്പിക്കണം.കൂളിങ് ഫിലിം-കര്‍ട്ടന്‍ എന്നിവ പാടില്ല.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം. സ്കൂളിന്‍റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്‍റെ ഇരുവശവും പ്രദര്‍ശിപ്പിക്കണം.വാഹനത്തിനു പിന്നില്‍ പ്രധാനപ്പെട്ട പ്രദര്‍ശിപ്പിക്കണം.