തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്.പരമാവധി വേഗം 50 കിലോമീറ്ററില്‍ നിജപ്പെടുത്തിയ സ്പീഡ് ഗവര്‍ണറുകള്‍ സ്കൂള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി. സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ സഞ്ചരിക്കാവൂ. മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്റര്‍.
മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരാകരുത് വാഹനത്തിന്‍റെ ഡ്രൈവര്‍ എന്ന് നിര്‍ദേശത്തില്‍ പറയുന്നു.വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഉറപ്പാക്കണം. ഇവ സുരക്ഷ മിത്ര സോഫ്റ്റ് വെയറുമായി നിര്‍ബന്ധമായി ബന്ധിപ്പിച്ചിരിക്കണം. സ്കൂള്‍ മാനേജ്മെന്‍റിനും രക്ഷാകര്‍ത്താക്കള്‍ക്കും സ്കൂള്‍ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിനായി വിദ്യാ വാഹന്‍ എന്ന മൊബൈല്‍ ആപ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്.സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ എല്ലാ സ്കൂള്‍ ബസിലും വേണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാം.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോര്‍ഡിങ് പോയിന്‍റ് , രക്ഷാകര്‍ത്താവിന്‍റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എല്ലാ കുട്ടികളുടെയും യാത്രാ മാര്‍ഗങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇവ മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാഹനത്തിന്‍റെ പിറകില്‍ വാഹനത്തിന്‍റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം.സ്കൂളിന്‍റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്‍റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം. ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉള്‍ക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം. വാഹനത്തിനകത്ത് ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയിലും അടിയന്തര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിക്കണം.വാഹനത്തിന്‍റെ പിറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പൊലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.