സ്കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ നോണ്‍വെജും: മന്ത്രി ശിവന്‍കുട്ടി

Latest News

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന് വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവത്തില്‍ ഇറച്ചിയും മീനും നല്‍കേണ്ടതില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല. നോണ്‍വെജ് നല്‍കുന്നതിന്‍റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണ് സര്‍ക്കാരിനുള്ളത്. അടുത്ത വര്‍ഷം നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഇത്തവണ നോണ്‍ വെജ് വിഭവങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യം ഉറപ്പ് പറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എതെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോള്‍ ആണോ കാണുന്നതെന്ന് മന്ത്രി ചോദിച്ചു. പണ്ട് മുതല്‍ തുടരുന്ന കീഴ്വഴക്കമാണ് വെജിറ്റേറിയന്‍. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും നല്‍കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതിന് പ്രശ്നങ്ങളില്ലെന്ന് മന്ത്രി വ്യക്തമാക്കി.നിലവിലെ വിവാദത്തിന് കാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. യു.ഡി.എഫ് കാലത്ത് കലോത്സവം നടക്കുമ്പോള്‍ വി. ടി.ബല്‍റാം ഉറങ്ങുകയായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. വീട്ടില്‍ നിന്നും മാറി ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് മാത്രമാണ് ആശങ്ക.
അടുത്ത വര്‍ഷം ഇക്കാര്യം കുട്ടികളെയും മാതാപിതാക്കളെയും നേരത്തെ അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പും. കലോത്സവത്തിന് എത്തുന്ന ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടാവുക. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇതുവരെ നല്‍കിവന്നിരുന്നത് വെജിറ്റേറിയന്‍ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീര്‍ച്ചയാണെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *