കോഴിക്കോട്: മാറുന്നകാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് സംസ്ഥാന സ്കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ 61-ാം സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണം കൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഐക്യകേരളത്തിന്‍റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.സാമൂഹ്യ വിമര്‍ശനത്തിന്‍റേയും നവീകരണത്തിന്‍റെയും ചാലുകീറാനായി വിദ്യാര്‍ഥികള്‍ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക കൂട്ടായ്മ കൂടിയാണ് സ്കൂള്‍ കലോത്സവം.വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം.പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളര്‍ത്തിയെടുക്കണം.എല്ലാ കുട്ടികളുടെയും വിജയത്തില്‍ സന്തോഷിക്കാന്‍ എല്ലാ രക്ഷിതാക്കള്‍ക്കും കഴിയണം.അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോത്സവങ്ങള്‍ സഹായിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കാലാനുസൃതമായി കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കലോത്സവം, സ്പോര്‍ട്സ് മീറ്റ്,മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള പുതിയ മാനദണ്ഡം അടുത്തവര്‍ഷം നടപ്പാക്കും. ഗോത്രകലകളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.സ്പീക്കര്‍ എ. എന്‍.ഷംസീര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്,മുഹമ്മദ് ഹനീഫ്, സിനിമാതാരം ആശാശരത് തുടങ്ങിയവര്‍ സംസാരിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവല്‍ ബാബു പതാക ഉയര്‍ത്തി.
