ന്യൂഡല്‍ഹി: സ്കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല.എന്നാല്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് അഭികാമ്യമാണ്. ലോകത്ത് ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. വാക്സിനേഷന്‍ മാറ്റി നിറുത്തി കൊവിഡ് വ്യാപനം കുറയ്ക്കുന്നതാകണം സ്കൂള്‍ തുറക്കാനുള്ള മാനദണ്ഡം. കൃത്യമായ വെന്‍റിലേഷന്‍, മാസ്ക്, ഇരിപ്പിടം സജ്ജീകരിക്കല്‍ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാം.
കുട്ടികളിലെ വാക്സിനേഷനായി സൈഡസിന് രാജ്യത്ത് അനുമതി നല്‍കി. കൊവാക്സിനും ബയോളജിക്കല്‍ ഇയും പരീക്ഷണ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആഘോഷങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിന്‍ സമ്പൂര്‍ണ സുരക്ഷ നല്‍കുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.