സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിച്ചില്ല; നഷ്ടപരിഹാരം നല്‍കാന്‍ വിധി

Top News

തൃശൂര്‍: സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിച്ചു നല്‍കാമെന്നേറ്റ് പണം കൈപ്പറ്റി അപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി.ചെറുതുരുത്തി സന കളക്ഷന്‍സ് ഉടമ അക്ബര്‍ കെ.എം ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പാലക്കാടുള്ള സോളാര്‍ സൊലൂഷന്‍സ് സ്ഥാപനത്തിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ക്കെതിരെ വിധിയായത്. സോളാര്‍ പവര്‍സിസ്റ്റം സ്ഥാപിച്ചു നല്‍കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്.അതില്‍ 180000 രൂപ കൈപ്പറ്റുകയുണ്ടായി.
വൈദ്യുതി ബോര്‍ഡില്‍ നിന്നും അനുമതി വാങ്ങി ഉടന്‍ പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിച്ചിട്ടും പണികള്‍ തുടങ്ങിയില്ല. സ്റ്റീല്‍ സ്റ്റാന്‍ഡ്, എര്‍ത്ത് പൈപ്പ് എന്നിവ സ്ഥാപിക്കുകയല്ലാതെ യാതൊന്നും ചെയ്യുകയുണ്ടായില്ല. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്‍റ് സി.ടി.സാബു,മെമ്പര്‍മാരായ എസ്.ശ്രീജ ,ആര്‍.റാം മോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാരന് 180000 രൂപയും 2019 ജൂലൈ 23 മുതല്‍ പലിശയും നഷ്ടപരിഹാരമായി 15000 രൂപയും നല്‍കുവാന്‍ വിധിച്ചു.
ഹര്‍ജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *