കോഴിക്കോട്:പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് വകവെയ്ക്കാതെ മാലിന്യ നീക്കത്തിനുള്ള കരാര്‍ സോണ്‍ടാ കമ്പനിയ്ക്ക് നീട്ടിനല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍.ഉപാധികളോടെയാണ് കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ സോണ്‍ട ഇന്‍ഫ്രാടെകിന് തന്നെ തുടര്‍ന്നും നല്‍കാന്‍ ഭരണസമിതി തീരുമാനമെടുത്തത്. 30 ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നാണ് ഉപാധി.കരാര്‍ ലംഘിക്കുന്ന പക്ഷം കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന തുക പിഴയായി നല്‍കണം.ബ്രഹ്മപുരം മാലിന്യ പ്ളാന്‍റിലെ തീപിടിത്തതിന് പിന്നാലെ വിവാദ നിഴലിലായ സോണ്‍ടയ്ക്ക് വീണ്ടും കരാര്‍ പുതുക്കി നല്‍കിയ തീരുമാനത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. നേരത്തെ നാല് തവണ സോണ്‍ടയ്ക്ക് മാലിന്യ സംസ്കരണത്തിനുള്ള കരാര്‍ പുതുക്കി നല്‍കിയിരുന്നു. നാല് വര്‍ഷമായി വരാത്ത മാറ്റം ഇപ്പോളനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കൂടാതെ സോണ്‍ടയെ കരിമ്പട്ടികയില്‍പ്പെടുത്തി കരാറില്‍ നിന്ന് പിന്മാറണമെന്നും പ്രതിപക്ഷ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം സോണ്‍ട കമ്പനിയ്ക്കെതിരെ ജര്‍മന്‍ പൗരനായ പാട്രിക് ബൗവര്‍ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. നിക്ഷേപക തട്ടിപ്പായിരുന്നു സോണ്‍ടയ്ക്കും രാജ്കുമാര്‍ പിള്ളയ്ക്കുമെതിരെ പരാതിയില്‍ ഉന്നയിച്ചിരുന്ന പ്രധാന ആരോപണങ്ങള്‍. നിക്ഷേപിച്ച തുക തിരികെ ലഭിക്കാനായി നാല് വര്‍ഷമായി ശ്രമിക്കുന്നതായും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.