ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജിയുടെ ഏറ്റവും സുപ്രധാന അജണ്ടകളിലൊന്നാണ് സോണിയയുമായുള്ള ചര്‍ച്ച.
ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്നോട്ട് വയ്ക്കുക. പെഗാസസ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് മമത ബാനര്‍ജി.
ഇതിനിടെ പ്രതിപക്ഷ നേതാക്കളെയും കണ്ട് കൂടുതല്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ തേടുകയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യം.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. പെഗാസസ് വിവാദത്തിലും കൊവിഡ് പ്രതിരോധത്തില്‍ ബംഗാളിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതിലും മമത പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചതായാണ് സൂചന. പശ്ചിമ ബംഗാളിന് കൂടുതല്‍ വാക്സീന്‍ ഡോസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു.
ജനസംഖ്യ കൂടി പരിഗണിച്ച് വേണം വാക്സീന്‍ വിതരണം. ബംഗാളിന് വളരെ കുറച്ച് വാക്സീനേ കിട്ടിയുള്ളുവെന്നും മമത പരാതിപ്പെട്ടു. മൂന്നാം തംരഗത്തിന് മുന്‍പ് വാക്സീന്‍ വിഹിതം കൂട്ടണമെന്നും മമത ആവശ്യം ഉന്നയിച്ചു.