ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച്ച ഹാജരാകണമെന്നാണ് ഇഡി നിര്‍ദ്ദേശം. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്നലെ ഇഡി ഓഫീസിലേക്ക് എത്തിയത്. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുള്ളൂ. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെയാണ് നീണ്ടുനിന്നത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
ജന്‍പഥിലെ സോണിയ ഗാന്ധിയുടെ പത്താം നമ്പര്‍ ഔദ്യോഗിക വസതിക്ക് മുന്നിലും എഐസിസിയിലും ഇഡിക്കെതിരായ പ്രതിഷേധമുയര്‍ന്നു. ഗാന്ധി കുടുംബത്തിനെ അസ്ഥിരപ്പെടുത്തി കോണ്‍ഗ്രസിനെ ശിഥിലമാക്കാന്‍ മോദിയേയും അമിത്ഷായേയും അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധിച്ച് നിന്ന ഗ്രൂപ്പ് 23 ലെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും ഐക്യാദാര്‍ഢ്യവുമായെത്തി.
വാഹനത്തിന് മുന്നില്‍ കയറി നിന്നുള്ള പ്രവര്‍ത്തകരുടെ വികാരപ്രകടനത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് സോണിയ ഗാന്ധിയുടെ വാഹനം കടത്തി വിട്ടത്. എഐസിസിക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി