ന്യൂഡല്‍ഹി: കൊവിഡ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊവിഡ് 19ല്‍ നിന്ന് സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനായിരുന്നു സോണിയയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല അറിയിച്ചു. സോണിയാ ഗാന്ധിയ്ക്ക് ചെറിയ പനിയും കൊവിഡ് ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലാണെന്നും വൈദ്യപരിശോധന ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേസില്‍ രാഹുല്‍ ഗാന്ധിയോട് ജൂണ്‍ രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്(എ ജെ എല്‍)ആണ് നാഷണല്‍ ഹെറാള്‍ഡിന്റെ പബ്ളിഷര്‍മാര്‍. എ ജെ എല്ലിനെ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്.
