കാബൂള്‍: ഒരിടത്ത് അഫ്ഗാന്‍ ജനതയെ ഭയപ്പെടുത്തി തങ്ങളുടെ ശരീയത്ത് നിയമം നടപ്പിലാക്കുന്നു, മറ്റൊരിടത്ത് ആര്‍ത്തുല്ലസിക്കുന്നു, താലിബാന്‍ അംഗങ്ങളുടെ അഫ്ഗാനിലെ ഭരണം ഇപ്പോള്‍ ഇങ്ങനെയാണ്. ജനങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്നതാണ് താലിബാന്‍ സര്‍ക്കാരിന്‍റെ ലക്ഷ്യം.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടു. കാബൂളില്‍ അമ്യുസ്സ്മെന്‍റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, ഒരു സൈനിക വിമാനത്തിന്‍റെ ചിറകില്‍ കയര്‍ കെട്ടി ഊഞ്ഞാലാടുന്ന ഭീകരരുടെ വീഡിയോ ആണ് പുറത്തുവരുന്നത്.
ഭീകരര്‍ ആര്‍ത്തുല്ലസിച്ച് ഊഞ്ഞാലാടുന്നതിന്‍റെ വീഡിയോ ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍, താലിബാന്‍ ഭീകരന്‍ ഒരു സൈനിക വിമാനത്തില്‍ കയര്‍ കെട്ടി അതില്‍ ഊഞ്ഞാലാടുന്നത് കാണാം. ഒരു ഭീകരന്‍ ഊഞ്ഞാലില്‍ ഇരിക്കുന്നു, മറ്റൊരാള്‍ ഊഞ്ഞാലാടുന്നു. കാബൂളിലെ നിലവിലെ അവസ്ഥ എന്ന താരതത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
ശരീഅത്ത് നിയമം വീണ്ടും നടപ്പിലാക്കിയതിനു ശേഷം അവിടെയുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം നരകമായി മാറിയിരിക്കുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഫ്ഗാനിസ്ഥാനില്‍ ഒരുമിച്ച് പഠിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസമാണ് താലിബാന്‍ തങ്ങളുടെ രണ്ടാം അഫ്ഗാന്‍ സര്‍ക്കാറിനെ പ്രഖ്യാപിച്ചത്.
പ്രഖ്യാപനം വന്നതിന് പിന്നാലെ സര്‍ക്കാറിന്‍റെ ഭാഗമായ 33 മന്ത്രിമാരില്‍ 14 പേര്‍ ഐക്യരാഷ്ട്ര സഭയുടെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന റിപ്പോര്‍ട്ടുകളും വന്നു. താലിബാന്‍റെ രണ്ടാം തീവ്രവാദി സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 14 തീവ്രവാദികള്‍ക്കൂടി ആ ഭരണകൂടത്തിന്‍റെ ഭാഗമാകുക കൂടി ചെയ്തു.