വാഷിംഗ്ടണ്‍ ഡിസി: വിപുലമായ സൈനിക ഇടപെടലിലൂടെ മറ്റു രാജ്യങ്ങളെ പുനര്‍നിര്‍മിക്കുന്ന നയം അമേരിക്ക അവസാനിപ്പിച്ചതായി പ്രസിഡന്‍റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ണമായതിനു പിന്നാലെ വൈറ്റ്ഹൗസില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അഫ്ഗാന്‍ പിന്മാറ്റം ഏറ്റവും നല്ല തീരുമാനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അഫ്ഗാനെ സംബന്ധിച്ച തീരുമാനം ഒരു യുഗത്തിന്‍റെ അവസാനം കൂടിയാണ്. മറ്റു രാജ്യങ്ങളെ പുനര്‍നിര്‍മിക്കാനായി അമേരിക്ക ഇനി വിപുലമായ സൈനികവിന്യാസം നടത്തില്ല.
അഫ്ഗാനിസ്ഥാനില്‍നിന്നു പിന്മാറണോ അതോ അവിടത്തെ സംഘര്‍ഷം വര്‍ധിപ്പിക്കണോ എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ചോദ്യം. രണ്ടു പതിറ്റാണ്ടായി അമേരിക്ക യുദ്ധത്തിലാണ്. യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. ഈ യുദ്ധം അവസാനിപ്പിക്കുമെന്നത് ഞാന്‍ അമേരിക്കന്‍ ജനതയ്ക്കു നല്കിയ വാഗ്ദാനമായിരുന്നു. ഞാനതു പാലിച്ചു.
അഫ്ഗാനിസ്ഥാനിലെ ലക്ഷ്യങ്ങള്‍ ഒരു പതിറ്റാണ്ടു മുമ്പേ കൈവരിച്ചിരുന്നു. എന്നിട്ടും മറ്റൊരു പതിറ്റാണ്ടുകൂടി യുഎസ് സൈന്യം അവിടെ തുടര്‍ന്നു. രണ്ടു ലക്ഷം കോടി ഡോളറിലധികം വരുന്ന തുകയാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ചെലവഴിച്ചത്.
അഫ്ഗാനിസ്ഥാനില്‍നിന്ന് 1,20,000 പേരെ ഒഴിപ്പിച്ചുമാറ്റാന്‍ കഴിഞ്ഞത് അമേരിക്കന്‍ സേനയുടെ ധൈര്യത്തിന്‍റെയും കഴിവിന്‍റെയും വിജയമാണ്.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളില്‍നിന്ന് അമേരിക്കന്‍ ജനതയെ സംരക്ഷിക്കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തു.
ഇതൊരു പുതിയ ലോകമാണ്. തീവ്രവാദഭീഷണി അഫ്ഗാനിസ്ഥാനില്‍ മാത്രം ഒതുങ്ങുന്നില്ല. സൊമാലിയയിലെ അല്‍ഷബാബും സിറിയയിലെ അല്‍ഖ്വയ്ദ ബന്ധമുള്ള സംഘടനകളും അമേരിക്കയ്ക്കു ഭീഷണി ഉയര്‍ത്തുന്നു.
