ന്യൂഡല്‍ഹി: ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും അവര്‍ സമയോചിതമായി പ്രതിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.’അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമിച്ചു. എന്നാല്‍ ചൈനയുടെ ആക്രമണത്തെ ഇന്ത്യന്‍ സൈന്യം സമയോചിതമായി പ്രതിരോധിച്ചു തുരത്തി. നമ്മുടെ സൈനികര്‍ക്ക് ആര്‍ക്കും തന്നെ ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നല്‍കിയതില്‍ ഇന്ത്യന്‍ സേനയെ അഭിനന്ദിക്കുന്നു. ഒരിഞ്ച് ഭൂമി പോലും അവര്‍ വിട്ടുനല്‍കിയിട്ടില്ല. പാര്‍ലമെന്‍റും രാജ്യവും ഒറ്റക്കെട്ടായി സൈനികര്‍ക്കൊപ്പം നില്‍ക്കണം. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏത് വെല്ലുവിളിയെയും ചെറുക്കാന്‍ സൈന്യം തയാറാണ്.’- പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സഭയില്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് രണ്ട് മണിക്ക് ഉള്ള പ്രസ്താവന 12.30ക്ക് ആക്കണമെന്ന് ഭരണപക്ഷം സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. വിഷയത്തില്‍ ബഹളം വച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്‍റെ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയില്‍ വരുന്നതിലാണ് കോണ്‍ഗ്രസിന്‍റെ ആശങ്ക. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 – 07 കാലത്ത് 1.35 കോടി രൂപ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.