ബെല്‍ഗ്രേഡ്: സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു.ആക്രമണത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി പിതാവിന്‍റെ തോക്ക് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഇന്നലെ പ്രാദേശിക സമയം 8.40നായിരുന്നു വെടിവയ്പ്പ് നടന്നത്. തുടര്‍ന്ന് സ്കൂളിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൊലീസ് വന്‍ സുരക്ഷാ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രതിയെന്ന് ആഭ്യന്ത മന്ത്രാലയം അറിയിച്ചു. കൈകള്‍ ബന്ധിച്ച് തലയില്‍ ജാക്കറ്റ് കൊണ്ട് മറച്ച നിലയില്‍ സംഭവസ്ഥലത്ത് നിന്ന് പ്രതിയെ പൊലീസ് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.