ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയുടെ ഭവനം എവിടെ നിര്‍മ്മിക്കണമെന്ന് സാധാരണക്കാരോട് ചോദിക്കണമോയെന്ന് സുപ്രീംകോടതി.
സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി ഉപരാഷ്ട്രപതിയുടെ വസതി നിര്‍മ്മിക്കുന്നത് പരിസ്ഥിതിയെയും വിനോദ മേഖലയെയും ബാധിക്കുമെന്ന ഹര്‍ജി തള്ളികൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ഖാന്‍ വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.അവിടെ നിര്‍മ്മിക്കുന്നത് ഉപരാഷ്ട്രപതിയുടെ ഭവനമാണ്. ഒരു സ്വകാര്യ കെട്ടിടമല്ല. അതിനാല്‍ പരിസ്ഥിതി സംരക്ഷിക്കാനും ഹരിതാഭ നിലനിറുത്താനും കഴിയുമെന്ന് ഉറപ്പാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.പദ്ധതിയിലെ ഭൂമിയുടെ നിര്‍ദ്ദിഷ്ട മാറ്റത്തിന് നിയമപരമായ തടസമെന്താണെന്ന് കോടതി ഹര്‍ജിക്കാരനായ രാജീവ് സൂരിയോട് ചോദിച്ചു. ഉപരാഷ്ട്രപതിയുടെ വസതി നിര്‍മ്മിക്കാന്‍ ഭൂമി പാര്‍പ്പിട മേഖലയാക്കുന്നത് നയപരമായ കാര്യമാണ്.
ഇതെങ്ങിനെ നിയമവിരുദ്ധമാകും. വിനോദ ആവശ്യങ്ങള്‍ക്കായുള്ള ഭൂമി മാറ്റാന്‍ പാടില്ലെന്ന് വിധിയുണ്ടോ. പദ്ധതിയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് ചൂണ്ടിക്കാട്ടാം. എല്ലാ കാര്യങ്ങള്‍ക്കും വിമര്‍ശനമാവാമെങ്കിലും അതില്‍ കഴമ്ബുണ്ടാകണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍ വില്‍ക്കര്‍ പറഞ്ഞു. ഇത് ഒരു നയപരമായ കാര്യമാണെന്നും ബന്ധപ്പെട്ടവര്‍ നേരത്തെ അനുമതി നല്‍കിയ പദ്ധതിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹര്‍ജി നല്‍കിയ ആളാണ് രാജീവ് സൂരി. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ പുതിയ വസതി നിര്‍മ്മിക്കാന്‍ വിനോദ പരിപാടികള്‍ക്ക് വേണ്ടിയുള്ള ഭൂമി ‘പാര്‍പ്പിട’ ആവശ്യത്തിനായുള്ള ഭൂമിയായി മാറ്റുന്നതിനെയാണ് ഹര്‍ജിക്കാരന്‍ എതിര്‍ത്തത്.
കേന്ദ്ര സര്‍ക്കാരിന്‍റെ സമഗ്ര വികസന നയത്തിന്‍റെ ഭാഗമായി രാജ്യത്ത് ഹരിത പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
തുറസായ ഹരിതമേഖല പാര്‍പ്പിട കേന്ദ്രമാക്കുന്നത് പൊതു താല്പര്യത്തിന് വിരുദ്ധമാണെന്നും ആറ് ഏക്കറോളം ഹരിതാഭ ഇല്ലാതാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.