സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ അപൂര്‍വ രോഗങ്ങളുടെ രജിസ്ട്രേഷന്‍ ഈ മാസം മുതല്‍: മന്ത്രി വീണാ ജോര്‍ജ്

Top News

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഭാഗമായി അപൂര്‍വ രോഗങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഈ മാസം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗങ്ങളുള്ള രോഗികള്‍ക്കും കുടുംബത്തിനുമുള്ള സംശയ നിവാരണം, സെന്‍റര്‍ ഓഫ് എക്സലന്‍സ് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍, ലഭ്യമായ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറിയുന്നതിനുമായി പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പരിശീലനം ലഭിച്ച ജീവനക്കാരെ ഹെല്‍പ്പ് ഡെസ്കില്‍ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ എവിടെ അപൂര്‍വ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്‍റര്‍ ഓഫ് എക്സലന്‍സ് വഴിയായിരിക്കും രജിസ്റ്റര്‍ ചെയ്യുക. ഇവര്‍ക്ക് സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതി വഴി അതത് ആശുപത്രികളില്‍ ചികിത്സ ലഭിക്കും.
ഇതിനായുള്ള അധിക സൗകര്യവും കൂടുതല്‍ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനമാരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമുള്ള ജനറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥാപിക്കുന്നതാണ്. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പിജി കോഴ്സ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ടിങ്കു ബിസ്വാള്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, റെയര്‍ ഡിസീസസ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ശങ്കര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *