സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്ന് ഇഡി പിടികൂടി

Top News

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി)കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് അശോക് കുമാറിനെയും സഹായികളായ മൂന്ന് പേരെയും ചെന്നൈയില്‍ നിന്നുള്ള ഇഡി സംഘം കസ്റ്റഡിയില്‍ എടുത്തത്. അശോക് കുമാറിനെ ചെന്നൈയിലേക്ക് കൊണ്ടു പോയി. നേരത്തെ ഇഡി സമന്‍സ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ആഗസ്റ്റ് 10ന് അശോക് കുമാറിന്‍റെ ഭാര്യ നിര്‍മ്മലയുടെ പേരിലുള്ള സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. പലവട്ടം സമന്‍സ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരാകത്തതിനെ തുടര്‍ന്നാണ് ഇഡി നിര്‍മ്മലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍മ്മലയ്ക്കും ഇഡി സമന്‍സ് അയച്ചിരുന്നു. സെന്തില്‍ ബാലാജിയുടെയും ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പലവട്ടം റെയ്ഡും അന്വേഷണവും നടത്തിയതിന് ശേഷമായിരുന്നു ഇഡിയുടെ നടപടി.
സെന്തില്‍ ബാലാജിക്കെതിരായ അന്വേഷണം നടത്തുന്ന അതേ ഇഡി സംഘം തന്നെയാണ് അശോക് കുമാറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
സെന്തില്‍ ബാലാജിക്കെതിരായ കുറ്റപത്രം ശനിയാഴ്ചയാണ് ഇഡി സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 3000 പേജുള്ള കുറ്റപത്രമാണ് സെന്തില്‍ ബാലാജിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്.
ജൂണ്‍ 14നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലിക്ക് പണം വാങ്ങിയെന്ന കേസില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ പേരിലാണ് ഇഡി നടപടി. എഐഎഡിഎംകെ മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിയായിരിക്കെയാണ് സെന്തില്‍ ബാലാജിക്കെതിരായ ആരോപണം ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *