സെക്രട്ടേറിയറ്റില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആക്സസ് കണ്‍ട്രോള്‍ പ്രാബല്യത്തില്‍

Top News

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ തൊഴില്‍ സമയത്ത് കാണിക്കുന്ന അലംഭാവത്തെ നിയന്ത്രിക്കാന്‍ ഒടുവില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നിലവില്‍ വരുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതോടെ ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് നിയന്ത്രണം വരും. തുടക്കത്തില്‍ രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ബയോമെട്രിക് ഹാജര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. പദ്ധതി നിര്‍വഹണത്തിന്‍റെ ചുമതല പൊതുഭരണ വകുപ്പിനാണ്.രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ജീവനക്കാരെ ബന്ദികളാക്കുന്നു എന്ന ആരോപണവുമായി സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതില്‍ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്തും. അല്ലാത്തപക്ഷം മതിയായ കാരണം ബോധിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *