സൂര്യാഘാതമേറ്റ് മേയ് മാസത്തില്‍ മാത്രം മരിച്ചത് 46 പേര്‍; മൂന്നുമാസത്തിനിടെ 56 മരണം

Top News

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് 56 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചുവെന്ന് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 46 പേര്‍ മരിച്ചത് മേയ് മാസത്തില്‍ മാത്രമാണ്. മധ്യപ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്-16 എണ്ണം. 11 പേര്‍ മരിച്ച മഹാരാഷ്ട്രയാണ് രണ്ടാമത്. ബാക്കി സംസ്ഥാനങ്ങളിലെല്ലാം പത്തില്‍ താഴെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.നാഷണല്‍ ഹീറ്റ് റിലേറ്റഡ് ഇല്‍നെസ് ആന്‍ഡ് ഡെത്ത്സ് സര്‍വൈലന്‍സ് പരിപാടിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്. ഇത് പ്രകാരം മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ 24,849 സൂര്യാഘാത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 19,189 കേസുകളും മേയ് മാസത്തിലാണ്.
മധ്യപ്രദേശിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6584 പേര്‍ക്കാണ് ഇവിടെ സൂര്യാഘാതമേറ്റത്. രാജസ്ഥാനില്‍ 4357, ആന്ധ്രപ്രദേശില്‍ 3239,ഛത്തീസ്ഗഡില്‍ 2418, ജാര്‍ഖണ്ഡില്‍ 2077, ഒഡീഷയില്‍ 1998 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ദീര്‍ഘകാലമായി ഹൃദ്രോഗം, ശ്വാസകോശരോഗം, വൃക്കരോഗം, അമിതവണ്ണം എന്നിവയുള്ളവര്‍, കുട്ടികള്‍, വയോധികര്‍, ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. മേയ് മാസത്തില്‍ ഹൃദ്രോഗത്തെ തുടര്‍ന്നുണ്ടായ 605 മരണങ്ങള്‍ക്ക് കനത്ത ചൂടുമായി ബന്ധമുണ്ടെന്ന് നാഷണല്‍ സര്‍വൈലന്‍സ് ഡാറ്റ പറയുന്നു.
ചൂടുകൂടിയ സമയങ്ങളില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള സ്ഥലങ്ങളില്‍ 50 ശതമാനത്തിന് മുകളിലായിരുന്നു അന്തരീക്ഷത്തിലെ ആര്‍ദ്രത. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇത് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലായിരുന്നു. ഈര്‍പ്പമുള്ള ചൂടാണ് മനുഷ്യര്‍ക്ക് ഏറ്റവും ഹാനികരമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *