തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യത്താല്‍ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ പ്രതി പേയാട് സ്വദേശി അരുണ്‍ കുറ്റക്കാരനെന്ന് കോടതി.ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക.കൊലപാതകം, അതിക്രമിച്ച് കയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പറഞ്ഞു.2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20 വയസുകാരിയായ സൂര്യഗായത്രിയെ 33 പ്രാവശ്യം പ്രതി കുത്തിവീഴ്ത്തിയത്. അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സൂര്യഗായത്രി 31ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.അമ്മ വത്സലക്കും അച്ഛന്‍ ശിവദാസനൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യ ഗായത്രി. പുറത്ത് ശബ്ദം കേട്ടതോടെ മൂവരും പുറത്തിറങ്ങി. ഇതിനിടെ പിന്നിലെ വാതില്‍കൂടി അകത്ത് കയറിയ അരുണ്‍ വീട്ടിനുളളില്‍ ഒളിച്ചിരുന്നു. പുറത്തുനിന്ന് അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച അച്ഛനെ അടിച്ച് നിലത്തിടുകയും ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അരുണ്‍ അവരെയും ആക്രമിച്ചു.
മരണം ഉറപ്പിക്കാനെന്നോണം സൂര്യഗായത്രിയുടെ തല ചുമരില്‍ ഇടിച്ച ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അരുണ്‍ അറസ്റ്റിലായ അന്നു മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നല്‍കിയത്.ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുണ്‍ പ്രദേശം നിരീക്ഷിച്ചിരുന്നു. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ള സമയം നോക്കിയാണ് ആക്രമിക്കാനുളള സമയം തിരഞ്ഞെടുത്തത്. ഇതിനായി അടുക്കളയിലൂടെയാണ് വീട്ടിനുള്ളിലേക്ക് കയറിയത്.