നായ്പിഡാവ്: സര്‍ക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറില്‍ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി മിന്‍ ഓങ് ഹ്ലായിങ്. ആറു മാസം മുമ്പാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുറത്താക്കി സൈന്യം ഭരണമേറ്റെടുത്തത്. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാന്‍ സൂചിയുള്‍പെടെ അറസ്റ്റിലായിരുന്നു. രണ്ടു വര്‍ഷത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രധാനമന്ത്രിക്ക് അധികാരം കൈമാറുമെന്നാണ് സൈനിക മേധാവിയുടെ വാഗ്ദാനം. 2023 ആഗസ്റ്റോടെ അടിയന്തരാവസ്ഥ ലക്ഷ്യം നേടുമെന്നും ബഹുകക്ഷി തെരഞ്ഞെടുപ്പ് തന്നെയാകും നടക്കുകയെന്നും അദ്ദേഹം പറയുന്നു.
പുതിയ പ്രഖ്യാപനത്തോടെ രാജ്യം നീണ്ട രണ്ടരവര്‍ഷം സൈന്യത്തിനു കീഴിലാകുമെന്നുറപ്പായി. ഒരു വര്‍ഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2008ല്‍ നിലവില്‍വന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു.
സര്‍ക്കാറിനെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 939 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.