മുംബയ്: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തിന് സഹായം തേടി സി.ബി.ഐ അമേരിക്കയെ സമീപിച്ചു.സുശാന്തിന്‍റെ ഇ മെയിലില്‍നിന്നും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളില്‍നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടും ലഭ്യമാക്കുന്നതിനാണിത്.ഫേസ്ബുക്കിന്‍റെയും ഗൂഗിളിന്‍റെയും ആസ്ഥാനം കാലിഫോര്‍ണിയയിലായതിനാലാണ് അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചത്. മരണം നടന്ന് ഒന്നരവര്‍ഷമായെങ്കിലും കേസില്‍ ഇതുവരെ നിര്‍ണായക കണ്ടെത്തലുകളൊന്നുമുണ്ടായിട്ടില്ല. നിലവിലുള്ള തെളിവുകള്‍ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലെത്താന്‍ സഹായിക്കുന്നവയാണ്. അക്കൗണ്ടില്‍നിന്ന് ഒഴിവാക്കിയ വിവരങ്ങള്‍ സാധാരണഗതിയില്‍ ഗൂഗിളും ഫേസ്ബുക്കും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാറില്ല.
അതിനാല്‍ യു.എസുമായുള്ള നിയമസഹായ ഉടമ്ബടി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നല്‍കിയതെന്ന് സി.ബി.ഐ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് പുറമേ സുശാന്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്.
ആത്മഹത്യയ്ക്ക് പ്രേരണയായ എന്തെങ്കിലും സംഗതികള്‍ ഉണ്ടായിരുന്നോ എന്നറിയാനാണ് സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അക്കൗണ്ടില്‍ നിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനായാല്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ പ്രതീക്ഷ.