. പിന്തുണയുമായി ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്നലെ 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹത്തെ വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. പുറത്തിറങ്ങിയ സുരേഷ് ഗോപി ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്ദി പറഞ്ഞു.
നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരായ നടപടി പൊലീസ് വേട്ടയാടലാണെന്നാരോപിച്ച് നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ‘വേട്ടയാടാന്‍ അനുവദിക്കില്ല, കോഴിക്കോട് എസ് ജിക്കൊപ്പം’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകരെത്തിയത്. 11 മണിയോടെ നടക്കാവ് സ്റ്റേഷനിലേക്ക് പദയാത്ര ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്. ഇംഗ്ലീഷ് പള്ളി മുതല്‍ നടക്കാവ് സ്റ്റേഷന്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പൊലീസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കിയിരുന്നു. പദയാത്ര നടക്കാവ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഇതിനുശേഷമാണ് സുരേഷ് ഗോപി വാഹനത്തില്‍ സ്റ്റേഷന് മുന്നിലെത്തിയത്.സുരേഷ് ഗോപിയെത്തിയപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി സ്റ്റേഷനുള്ളിലേക്ക് പോവുകയായിരുന്നു. രാഷ്ട്രീയ വേട്ടയാണ് സുരേഷ് ഗോപിക്കെതിരെ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിഷേധത്തെതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.