. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ താരസമ്പന്നം വിവാഹചടങ്ങ്
ഗുരുവായൂര്‍ : നടനും ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായി. ശ്രേയസ്സ് ആണ് വരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തില്‍ ഇന്നലെ രാവിലെ 8.45 നാണ് വിവാഹം നടന്നത്. വധൂവരന്‍മാര്‍ക്ക് മാലയെടുത്തു കൊടുത്തത് നരേന്ദ്ര മോദിയായിരുന്നു.വധൂവരന്‍മാരെ അദ്ദേഹം ആശീര്‍വദിച്ചു. വിവാഹിതരായ മറ്റ് വധൂവരന്‍മാര്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു.അവരെയും ആശീര്‍വദിച്ചു.രാവിലെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരകൊണ്ട് മോദി തുലാഭാരവും നടത്തി. താരസമ്പന്നമായിരുന്നു വിവാഹം. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ ഭാര്യാസമേതമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.ബിജു മേനോന്‍, സംവിധായകന്‍ ഷാജി കൈലാസ്,നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍ തുടങ്ങി വന്‍നിര തന്നെ വിവാഹചടങ്ങിനെ സമ്പന്നമാക്കി.തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്‍റെയും ശ്രീദേവി മോഹന്‍റെയും മകനാണ് വരന്‍ ശ്രേയസ്സ് മോഹന്‍. ഭാഗ്യയുടേയും സഹോദരന്‍ ഗോകുലിന്‍റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് വിവാഹത്തിലേക്കെത്തിയത്.