ന്യൂഡല്‍ഹി: സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായി ചുമതലയേറ്റു. പെട്രോളിയം, ടൂറിസം വകുപ്പുകളുടെ ചുമതലയാണ് സുരേഷ് ഗോപിക്കുള്ളത്. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയാണ് ജോര്‍ജ് കുര്യന്.
ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ്സിംഗ്പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തില്‍ പുതിയ പടവുകള്‍ സൃഷ്ടിക്കും. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യന്‍ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു.കേരളത്തിനും രാജ്യത്തിനും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജുവിന്‍റെ സാന്നിധ്യത്തിലാണ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ സ്ഥാനമേറ്റത്.