കൊച്ചി: കുസാറ്റിലെ സംഗീത നിശയുടെ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് വിവരം. സംഗീത നിശയ്ക്ക് പൊലീസിന്‍റെ അനുമതി വാങ്ങിയിരുന്നില്ല എന്നാണ് അറിയുന്നത്.എന്നാല്‍, പൊലീസിനോട് വാക്കാല്‍ പറഞ്ഞിരുന്നുവെന്ന് വൈസ് ചാന്‍സിലര്‍ പി.ജി.ശങ്കരന്‍ അറിയിച്ചു. ഏതെങ്കിലും തരത്തില്‍ അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുസാറ്റ് ദുരന്തത്തില്‍ സംഘാടന വീഴ്ചയുണ്ടായി എന്ന് വിസി അറിയിച്ചു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതില്‍ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആള്‍കൂട്ടം പരിപാടി കാണാനെത്തി. അധ്യാപകര്‍ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നു.
സംഘാടകര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.
കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും.
ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ വീഴ്ചയുണ്ടായോ എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കും.സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലീസ് റിപ്പോര്‍ട്ട് എന്ന് സൂചനയുണ്ട്.