വിടവാങ്ങിയത് തനതായ ഹാസ്യാഭിനയത്താല്‍ തിളങ്ങിയ കലാകാരി
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ്(41) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള നടപടികള്‍ പുരോഗമിക്കവേ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.
തനതായ ഹാസ്യശൈലികൊണ്ട് ശ്രദ്ധേയയായ സുബി നിരവധി സിനിമകളിലും സീരിയലുകളിലും കോമഡി പരിപാടികളിലും സ്റ്റേജ് ഷോകളിലും തിളങ്ങി.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്കൂളിലും എറണാകുളം സെന്‍റ് തെരേസാസിലുമായിരുന്നു സ്കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.
ഇന്ന് രാവിലെ എട്ടുമണി മുതല്‍ വാരാപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10 മണി മുതല്‍ വാരാപ്പുഴ പുത്തന്‍പള്ളി ഹാളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് മൂന്നുമണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ സംസ്കരിക്കും.സ്കൂള്‍ പഠനകാലത്ത് തന്നെ നല്ല നിര്‍ത്തകിയായിരുന്നു.മിമിക്രി, മോണോ ആക്ട് രംഗത്ത് സ്ത്രീകള്‍ക്കും തിളങ്ങാന്‍ ആകുമെന്ന് തെളിയിച്ച കലാകാരിയാണ് സുബി. സ്റ്റേജ് ഷോകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി പ്രശസ്തയായത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.
2006 ല്‍ രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബന്‍റ്സ്, 101 വെഡിംഗ്, ഡിറ്റക്റ്റീവ്,തസ്കര ലഹള എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.സുബി സുരേഷിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.